ആദ്യ ലോകസഭാ തിരഞ്ഞെടുപ്പിന് പ്രിയങ്ക ഗാന്ധി ഇന്നലെ വയനാട്ടിലെത്തി. പ്രിയങ്കയ്ക്ക് ഒപ്പം സോണിയ ഗാന്ധിയും ഭർത്താവ് റോബർട്ട് വാദ്‌രയും മകൻ രെഹാനും. മൈസൂരുവിൽ നിന്നു റോഡ് മാർഗമാണ് ഇവർ ബത്തേരിയിലെത്തിയത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൻ്റെ തിരക്കിലായതിനാൽ രാഹുൽ ഗാന്ധിക്ക് ഇന്ന് എത്തിച്ചേരാനായില്ല. രാഹുൽ ഇന്ന് വയനാട്ടിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും ഇന്ന് എത്തും . ഇന്ന് റോഡ് ഷോയോടെ പ്രിയങ്ക ഗാന്ധി പ്രചാരണം തുടങ്ങും.
പത്ത് ദിവസം നീളുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി പ്രിയങ്ക ഗാന്ധി വയനാട്ടിൽ തന്നെ തുടരും. ഇന്നാണ് പത്രിക സമർപ്പിക്കുക. ഇത് വലിയ ആഘോഷമാക്കി മാറ്റാനാണ് നേതാക്കളും അണികളും തയ്യാറെടുക്കുന്നത്. ബത്തേരിയിലെ സപ്താ റിസോർട്ട് എന്ന സ്വകാര്യ ഹോട്ടലിലാണ് പ്രിയങ്കയും സോണിയയും തങ്ങുന്നത്. രണ്ട് കിലോമീറ്റർ റോഡ്ഷോ നടത്തിയ ശേഷമാകും പ്രിയങ്ക പത്രിക സമർപ്പിക്കുക.
ഇന്ന് രാവിലെ 11ന് കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ നേതാക്കൾ അണിനിരക്കും. വരണാധികാരിയായ ജില്ലാ കലക്ടർക്കു മുൻപാകെ 12 മണിയോടെ നാമനിർദേശ പത്രിക സമർപ്പിക്കും. 10 ദിവസം പ്രിയങ്ക മണ്ഡലത്തിൽ പ്രചാരണം നടത്തും. കന്നിയങ്കത്തിന് ഇറങ്ങുന്ന പ്രിയങ്ക ഗാന്ധിക്ക് ആവേശം പകരാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രചരണത്തിനായി നിരവധി പ്രവർത്തകർ വൈകാതെ വയനാട്ടിലെത്തുമെന്നാണ് വിവരം.
അതേസമയം, വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള പ്രിയങ്ക ഗാന്ധി വാദ്‌രയുടെ റോഡ് ഷോയിൽ കൊടികൾക്കു നിരോധനമില്ലെന്നു കോൺഗ്രസ് വൃത്തങ്ങൾ. വയനാടിന് എന്നും തന്‍റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ടെന്നും അവിടേക്ക് തനിക്കു പകരം സഹോദരിയെ അല്ലാതൊരാളെ നിർദേശിക്കാനില്ലെന്നും രാഹുൽ. രണ്ടു മണ്ഡലങ്ങളിൽ വിജയിച്ച രാഹുൽ ഗാന്ധി, യുപിയിലെ റായ്ബറേലി നിലനിർത്തിയതോടെയാണു വയനാട്ടിൽ ലോക്സഭാ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വയനാട് ലോകസഭാ തിരഞ്ഞെടുപ്പ് വാർത്തകക്കായി AIM ന്യൂസ് ഓൺലൈനിൽ തുടരുക