ബിന്ദു അമ്മിണിയെ പോലുള്ളവർ ദലിതർക്കും അംബേദ്കറിസത്തിനും ഭീഷണി

ജയകുമാർ എം.കെ എഴുതുന്നു


 


കുറച്ചുനാളായി എഴുത്തു കുത്തുകളിൽ നിന്നും, പ്രവർത്തനങ്ങളിൽ നിന്നും പിന്തുണ/വിയോജിപ്പ്/വിമർശനങ്ങളിൽ നിന്നുമൊക്കെ അകന്നു നിൽക്കുന്നതാണ് ഉചിതമെന്നു ചിന്തിച്ചു ഒതുങ്ങിക്കൂടുകയായിരുന്നു. പലപല സംഭവവികാസങ്ങളും, ചെറുത്തുനിൽപ്പുകളും, സമര വിജയ/പരാജയങ്ങളും കണ്ടിട്ടും പ്രതികരിക്കാതെ കടിച്ചുപിടിച്ചിരുന്നത് വ്യക്തിപരമായുണ്ടായ നഷ്ടങ്ങളുടെയും, നിരാശയുടെയും കണക്കെടുപ്പുകളിൽ നിന്നുകൂടിയാണ്. എന്നാൽ കഴിഞ്ഞദിവസമുണ്ടായ അഡ്വ.ബിന്ദു അമ്മിണിയുമായി ബന്ധപ്പെട്ട ചില സംഭവങ്ങളും, അതിനെ തുടർന്നുണ്ടായ ചർച്ചകളും അവർതന്നെ നടത്തിയ ചില തെറ്റിദ്ധരിപ്പിക്കൽ പ്രതികരണങ്ങളുമാണ് വീണ്ടുമൊന്നെഴുതണമെന്നു തോന്നിയത് .

”ദലിതായതിനാൽ കമ്മ്യുണിസ്റ്റുകളും കമ്മ്യുണിസ്റ്റായതിനാൽ ദലിതരും തന്നെ അകറ്റി നിർത്തുന്നു” എന്ന അവരുടെ പ്രതികരണവും, അതിനേക്കാളുപരി ”അംബേദ്‌കർ മാർക്‌സിസത്തെ തള്ളിപ്പറഞ്ഞിട്ടില്ല, അംബേദ്കറിസം രൂപപ്പെട്ടത് തന്നെ മാർക്‌സിസത്തിൽ നിന്നാണെ”ന്നുമുള്ള ഏറ്റവും ബാലിശമായ വിഡ്ഢിത്ത പ്രസ്‌താവന ഒരു കാലത്തും അംഗീകരിക്കാൻ കഴിയാത്തതുകൊണ്ടാണ്. എന്റെ ഇത്രയും നാളത്തെ പ്രവർത്തനങ്ങളിൽ നിന്നും നിരീക്ഷണങ്ങളിൽ നിന്നും ഞാൻ മനസ്സിലാക്കിയ വസ്തുത എന്തെന്നാൽ നമുക്ക് ചുറ്റും നിരന്തരം അംബേദ്കറിസം വിളമ്പുകയും ‘ജയ് ഭീം’ വിളിക്കുകയും ചെയ്യുന്ന ദലിത് ആക്റ്റിവിസ്റ്റുകളും/ഉദ്ധാരകരും മാർക്‌സിസത്തെ/കമ്മ്യുണിസത്തെ മനസ്സാ വരിച്ചവരും, കമ്മ്യുണിസ്റ്റുകളുടെ വിശിഷ്യാ സി.പി.എംമ്മിന്റെ ദലിതരോടുള്ള വിശാലമനസ്കതയും, കരുണയും, കുറച്ചുകൂടെ കൂട്ടണമെന്നും, വർഗീയ ശക്തികളിൽനിന്നും ദലിതരെ സംരക്ഷിച്ചു നിർത്താനുള്ള കമ്മ്യുണിസത്തിന്റെ പ്രവർത്തന മേഖല വിശാലപ്പെടണമെന്നും രഹസ്യമായി ആഗ്രഹിക്കുന്നവരാണെന്നതാണ്. പല സന്ദർഭങ്ങളിലും ഇവരുടെ അന്നനാളത്തിൽ നിന്നും കമ്മ്യുണിസ്റ്റ് സ്നേഹം തികട്ടിവരുന്നത് കണ്ടിട്ടുമുണ്ട്. യാതൊരു തരത്തിലും ബാബാസാഹേബിനെ വായിച്ചിട്ടും, മനസ്സിലാക്കാതെ, അദ്ദേഹം മുന്നോട്ടു വച്ച രാഷ്ട്രീയ സങ്കൽപ്പങ്ങളെ അട്ടിമറിക്കുന്ന പ്രവൃത്തി മറ്റാരേക്കാളും നിർവ്വഹിക്കുന്നത് ലൈം ലിറ്റിൽ നിൽക്കുന്ന, സ്വയം നേതൃകുപ്പായം തയ്പ്പിച്ചു തോളിൽ തൂക്കി നടക്കുന്ന കപട അംബേദ്കറൈറ്റുകളായ ദലിതരാണെന്നതാണ് എന്റെ അനുഭവം. അവർ സ്വയം വിസിബിലിറ്റിയുടെ രാഷ്ട്രീയത്തിൽ, മുന്നും പിന്നും നോക്കാതെ എടുത്തു ചാടുകയും ദലിതരെയാകമാനം പ്രതിനിധീകരിക്കുന്നവരായി അവതരിക്കുകയും ചെയ്യുന്നു എന്നതാണ് ദലിതരും അംബേദ്കറിസവും എക്കാലത്തും നേരിടുന്ന വെല്ലുവിളി. ബിന്ദു അമ്മിണിയും ഇതിൽ നിന്നും വ്യത്യസ്തമല്ല.

മാർക്‌സിസം മുന്നോട്ടുവെക്കുന്ന വർഗ്ഗ സിദ്ധാന്തത്തെ പരംപൂജനീയ ബാബ സാഹേബ് മുന്നോട്ടു വയ്ക്കുന്ന ജനാധിപത്യ മൂല്യസങ്കല്പവും, പൗരബോധവും എത്തരത്തിലാണ് ബന്ധപ്പെടുന്നതെന്ന ബാലപാഠം പോലുമറിയാതെ ഇത്തരം പ്രസ്താവനകൾ നടത്തുന്നതിലൂടെ അതാണ് അവർ വെളിപ്പെടുത്തുന്നത്. (മാർക്സിസത്തിനൊപ്പം ബുദ്ധിസ്സം കൂടി അവർ വായിച്ചിരുന്നെങ്കിൽ ഇത്രയും പടു വിഡ്ഢിത്തം അവർ എഴുന്നൊള്ളിക്കില്ലായിരുന്നു). ജീവിച്ചിരുന്ന കാലത്ത് ഒരു ക്ഷേത്രങ്ങളുടെയും വാതിൽക്കൽ പോലുമെത്തി നോക്കാത്ത മഹാത്മാ അയ്യങ്കാളിയെ പറഞ്ഞുകൊണ്ടാണ് ഇവരൊക്കെ ശബരിമല പ്രവേശനത്തെ ഉയർത്തിക്കാട്ടുന്നതെന്ന വൈരുദ്ധ്യം കൂടെയുണ്ടതിൽ. തീർച്ചയായും ഭരണഘടനാ മൂല്യത്തെ ഉയർത്തിക്കാട്ടി കോടതിവിധിയെ പ്രാവർത്തികമാക്കി എന്നൊക്കെ പറയാമെങ്കിലും തത്വത്തിൽ കേരളത്തിലെ/ഇന്ത്യയിലെ ദലിതർ അഭിമുഖീകരിക്കുന്ന പ്രശനം ക്ഷേത്രപ്രവേശനം ആണെന്നൊക്കെയുള്ള പ്രശ്നവൽക്കരണം എത്ര അപകടകരമാണെന്ന ചിന്ത ഇവർക്കൊന്നുമില്ല എന്നതാണ് വിഷയം.

ദലിത് പൂജാരിമാരെ വലിയ വിപ്ലവമായി അവതരിപ്പിക്കാനും, ദലിത് ദേവസ്വം മന്ത്രി എന്നത് ദലിത് ഇടങ്ങളിൽ രോമാഞ്ചമുണ്ടാക്കാൻ വിധം അവതരിപ്പിക്കാനും കമ്മ്യുണിസ്റ്റുകളെ പ്രേരിപ്പിക്കുന്ന രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുന്നതിൽ ഇപ്പറയുന്ന കപട അംബേദ്കറേറ്റുകൾക്ക് വലിയ പങ്കുണ്ട്. തൃപ്തി ദേശായി എന്ന സംഘപരിവാർ ടൂളിനെ കണ്ണും പൂട്ടി സപ്പോർട്ട് ചെയ്യാൻ പോകുകയും, അക്രമണത്തിനിരയായി ‘ദലിത് ഇരവാദം’ പറയുകയും ചെയ്യുന്ന വിഡ്ഢിത്തത്തെ എന്താണ് പറയേണ്ടത്. കമ്മ്യുണിസം മുന്നോട്ടുവെക്കുന്ന അതിജീവന രാഷ്ട്രീയ തന്ത്രങ്ങളിൽ ഉപകരണമാവാതിരിക്കാനുള്ള സാമാന്യ ബുദ്ധിപോലുമില്ലാത്ത സ്വയം പ്രഖ്യാപിത ദലിത് നേതൃനാവുകളെ ‘മാർക്‌സിസത്തിൽ നിന്നല്ല അംബേദ്കറിസം രൂപപ്പെട്ടതെ’ന്ന് ബോധ്യമുള്ള ദലിതർ അംഗീകരിക്കില്ല അഡ്വ. ബിന്ദു. നിങ്ങൾ പരoപൂജനീയ ബാബ സാഹേബ് ആഹ്വാനം ചെയ്ത പോലെ നിയമ നിർമ്മാണ സഭകളിൽ കയറുവാൻ ശ്രമിച്ചു നോക്ക്, നിങ്ങൾക്കൊപ്പം ആത്മാഭിമാനികളായ ദലിതർ ഉണ്ടാവും. അതല്ലാതെ ബാബാസാഹേബിനെ/ മഹാത്മാ അയ്യങ്കാളിയെ ഒക്കെ വക്രീകരിച്ചു ചരിത്രാവതരണം നടത്തുന്ന മാർക്‌സിസ്റ്റു തോലണിഞ്ഞ കപട അംബേദ്കറൈറ്റ് ആയവതരിച്ചാൽ പിന്തുണക്കാൻ അതേ തോലണിഞ്ഞ ചിലർ ഉണ്ടാവും. അത്ര തന്നെ.
Nb:-തങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ യാതൊരു തരത്തിലും മനസ്സിലാക്കാതെ എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന യാതൊരു പ്രയോജനവുമില്ലാത്ത കുറെയേറെ നേതാക്കളുള്ള, ഏറ്റവും ചിന്താശേഷിയില്ലാത്ത ഒരു ജനക്കൂട്ടമാണ് കേരളത്തിലെ ദലിതർ. ഇവർ സ്വയം മരിച്ചു തീർന്നേ അവർ അഭിമുഖീകരിക്കുന്ന പ്രശ്നം തീരുകയുള്ളൂ. നശിക്കുക വിഡ്ഢികളെ.