കഫെ കോഫി ഡേ 

 
1996 ജൂലായ് 11ന് ബെംഗളൂരുവിലാണ് കഫേ കോഫി ഡേ തുടങ്ങിയത് , വളരെ വേഗത്തിൽ തന്നെ  രാജ്യമെങ്ങും പടർന്നത്. വളരെ സവിശേഷതയുള്ള ബിസിനസ് മോഡലാണ് സിസിഡിയെ ശ്രദ്ധേയമാക്കിയത്. കഫേ കോഫി ഡേയിലെ കാപ്പികൾക്കായി സിസിഡി സ്വയം കാപ്പി കൃഷി ചെയ്തു.
കാപ്പി കൃഷി ചെയ്ത്, വിളവെടുത്ത്, കാപ്പിയുണ്ടാക്കി സിസിഡി ആളുകളെ കുടിപ്പിച്ചു കൂടാതെ കാപ്പിക്കുരു അവർ കയറ്റുമതി ചെയ്യുകയും ചെയ്തു. കാപ്പിക്കുരു മാത്രമല്ല, കോഫി മെഷീനുകളും സിസിഡികളിലെ ഫർണിച്ചറുകളുമെല്ലാം ഉണ്ടാക്കിയതും അവർ തന്നെയായിരുന്നു. അങ്ങനെ ചെലവ് ചുരുക്കലിൻ്റെ ബിസിനസ് മോഡൽ വേഗം ഹിറ്റായി. അതുകൊണ്ടു തന്നെയാണ് രാജ്യമെമ്പാടും പെട്ടന്ന് തന്നെ സിസിഡി വളർന്നതും . 2011 ആകുമ്പോഴേക്കും 1000ലധികം സിസിഡി ഔട്ട്‌ലെറ്റുകൾ രാജ്യത്തുണ്ടായി. കാര്യങ്ങളൊക്കെ ശുഭകരമെന്ന് നമ്മൾ കരുതി. പക്ഷേ, ഔട്ട്‌ലെറ്റുകൾ പലതും പൂട്ടിക്കൊണ്ടിരുന്നു. ഒടുവിൽ, 2019ൽ സിസിഡിയുടെ ലോവസ്റ്റ് പോയിൻ്റ്. സ്ഥാപകനും സിഇഒയുമായ വിജി സിദ്ധാർത്ഥ ജീവനൊടുക്കി. ഈ സംഭവത്തിനു ശേഷം വീണ്ടും പല ഔട്ട്‌ലെറ്റുകൾക്കും പൂട്ട് വീണു.



തർച്ചയുടെ വക്കിൽ നിന്ന് വീണ്ടും

2019 ജൂലായ് 31നാണ് കഫേ കോഫി ഡേ ഉടമ വിജി സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തിയത്. രാജ്യത്തെ ഏറ്റവും വലിയ കോഫി പാർലർ ശൃംഘലയായ കഫേ കോഫി ഡേ അഥവാ സിസിഡി ഉടമ കടം കയറി ആത്മഹത്യ ചെയ്യുകയായിരുന്നു. 2019 മാർച്ചിൽ സ്ഥാപനത്തിൻ്റെ ബാധ്യത 7200 കോടി രൂപയായിരുന്നു എന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. സിദ്ധാർത്ഥയ്ക്ക് അത് താങ്ങാനായില്ല. ലാഭമുണ്ടാക്കാൻ സാധിക്കുന്ന കച്ചവട തന്ത്രം നടപ്പിലാക്കാൻ തനിക്ക് സാധിച്ചില്ലെന്നെഴുതി അയാൾ ജീവനൊടുക്കി. തുടർന്ന് സിസിഡിയുടെ സിഇഒ ആയി മാളവിക ഹെഗ്ഡെ സ്ഥാനമേറ്റു. അന്ന് സിദ്ധാർത്ഥയുടെ ഭാര്യ എന്ന വിലാസം മാത്രമാണ് മാളവികയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന്, രണ്ട് വർഷം കൊണ്ട് സിസിഡിയുടെ 5500 കോടി രൂപയോളം കടം നികത്തിയ സൂപ്പർ വുമൺ ആണ് മാളവിക. 2019 മാർച്ചിൽ 7200 കോടി രൂപയുടെ ബാധ്യതയുണ്ടായിരുന്ന കഫേ കോഫി ഡേ 2021 മാർച്ചിൽ കടപ്പെട്ടിരിക്കുന്നത് വെറും 1731 കോടി രൂപയാണ്.


മാളവിക ഹെഗ്ഡെ എന്ന കഫേ കോഫി ഡേയുടെ രക്ഷക


ഇങ്ങനെ വളരെ സങ്കീർണമായ, തകർച്ച ഉറപ്പിച്ച ഒരു പ്രസ്ഥാനത്തെയാണ് എഞ്ചിനീയറിംഗ് ബിരുദധാരിയായ മാളവിക രക്ഷപ്പെടുത്തിയെടുത്തത്. 2019ലെ 7200 കോടി രൂപയുടെ ബാധ്യത അടുത്ത വർഷം 3100 ആയി കുറഞ്ഞു. 2021ൽ അത് 1731ലേക്ക് താഴ്ന്നു. കമ്പനി തുടങ്ങുമ്പോൾ മുതൽ നോൺ എക്സിക്യൂട്ടിവ് ബോർഡ് മെമ്പറായിരുന്ന മാളവിക സാകൂതം ബിസിനസ് നിരീക്ഷിക്കുകയായിരുന്നു. ഒടുവിൽ ഒരു രക്ഷകയെപ്പോലെ ഇന്ന് സിസിഡിയെ നയിക്കുന്നു. ഇന്ന് സിസിഡിയ്ക്ക് 572 ഔട്ട്‌ലെറ്റുകളാണ് രാജ്യത്തുള്ളത്. ഏഷ്യയിൽ അറബിക്ക കാപ്പിക്കുരുവിൻ്റെ ഏറ്റവും വലിയ ഉത്പാദകറം സി സി സി തന്നെയാണ് . 20,000 ഏക്കറിലാണ് കൃഷി. അമേരിക്കയും യൂറോപ്പുമടക്കമുള്ള വൻകരകളിലെ രാജ്യങ്ങളിലേക്ക് അവർ ഇത് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു.