എന്താണ് വന്ദേ ഭാരത് എക്സ്പ്രസ്?
ഹൈസ്പീഡ്-സെമി ഹൈസ്പീഡ് വിഭാഗത്തിൽപ്പെടുത്താവുന്ന ബുള്ളറ്റ് ട്രെയിനുകളാണ് വന്ദേ ഭാരത് എക്സ്പ്രസ്. 160-200 കിലോമീറ്റർ വേഗത്തിൽ സർവീസ് നടത്താൻ ഈ ട്രെയിന് സാധിക്കുമെന്നാണ് റെയിൽവേ അധികൃതർ പറഞ്ഞിരുന്നത്. രാജ്യത്ത് വന്ദേ ഭാരത് എക്സ്പ്രസിന്‍റെ പ്രഖ്യാപിത വേഗം 160 കിലോമീറ്ററാണ്. എന്നാൽ രാജ്യത്ത് നിലവിലുള്ള ട്രാക്കുകളുടെ ശേഷി കണക്കിലെടുത്ത് പരമാവധി വേഗത 130 കിലോമീറ്റർ ആണ്. ന്യൂഡൽഹി-വാരണാസി, ന്യൂഡൽഹി-കത്ര(ജമ്മു കശ്മീർ) എന്നിങ്ങനെ രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. ഡല്‍ഹി-വാരണാസി ട്രെയിനിന് 81കിലോമീറ്ററും ഡല്‍ഹി-കത്ര വന്ദേ ഭാരത് എക്സപ്രസിന് 94 കിലോമീറ്ററുമാണ് ശരാശരി വേഗത. അതേസമയം ട്രെയിൻ ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുമ്പ് നടത്തിയ പരീക്ഷണ ഓട്ടത്തിൽ 180 കിലോമീറ്റർ വേഗത കൈവരിച്ചിരുന്നു. നിലവിൽ രാജ്യത്ത് ഓടുന്ന ട്രെയിനുകളിൽ ഗതിമാൻ എക്സ്പ്രസിനാണ് കൂടുതൽ വേഗം. പരമാവധി 160 കിലോമീറ്റർ വേഗതയിൽ ഗതിമാൻ എക്സ്പ്രസ് സഞ്ചരിക്കുന്നുണ്ട്.
വന്ദേ ഭാരത് എക്സ്പ്രസിന്‍റെ പ്രത്യേകതകൾ
ഒട്ടനവധി സവിശേഷതകളും ആധുനിക സാങ്കേതികവിദ്യകളും വന്ദേ ഭാരത് എക്സ്പ്രസിൽ ഉണ്ട്. യാത്രക്കാർക്കായി ഏറ്റവും മികച്ച സൌകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചെയര്‍ കാര്‍. കറങ്ങുന്ന സീറ്റുകള്‍, മോഡുലാര്‍ ബയോ ടോയ്‌ലെറ്റ് എന്നിവയുമുണ്ട്. കൂടാതെ എ സി കോച്ചുകള്‍, വിശാലമായ ജനലുകള്‍, സ്ലൈഡിംഗ് ഡോര്‍ എന്നിവയുണ്ട്. പ്രത്യേക എഞ്ചിൻ ഇല്ല എന്നതും ഇതിന്‍റെ മറ്റൊരു സവിശേഷതയാണ്. പകരം ഒന്നിടവിട്ട് കോച്ചുകള്‍ക്കടിയില്‍ 250 കിലോവാട്ടിന്റെ നാല് മോട്ടോറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ കരുത്തിലാണ് ട്രെയിൻ ഓടുന്നത്. ആകെ 16 കോച്ചുകളാണ് വന്ദേ ഭാരത് എക്സ്പ്രസിലുള്ളത്. ഇതിൽ രണ്ടെണ്ണം എക്സിക്യൂട്ടീവ് കോച്ചുകളാണ്. മെക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായാണ് വന്ദേ ഭാരത് എക്സ്പ്രസ് വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്തത്. ചെന്നൈയിലെ പെരമ്പൂരിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഇത് (ഐസിഎഫ്) രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തത്.
അടുത്ത മൂന്നു വർഷത്തിനകം 400 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ രാജ്യത്തെ 300 നഗരങ്ങളെ ബന്ധിപ്പിച്ച് ഓടിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. അതുകൊണ്ടുതന്നെ കേരളത്തിനുള്ളിലോ, അന്യ സംസ്ഥാനങ്ങളിലെ നഗരങ്ങളുമായി ബന്ധിപ്പിച്ചോ വന്ദേ ഭാരത് എക്സപ്രസ് ലഭിക്കുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ. എറണാകുളം, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിൽനിന്ന് ബംഗളുരു, മംഗളുരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് വന്ദേ ഭാരത് എക്സ്പ്രസ് ലഭിച്ചേക്കാം.
എന്നാൽ സംസ്ഥാനത്ത് വന്ദേ ഭാരത് എക്സ്പ്രസ് ഓടിക്കുന്നതിന് നിരവധി പ്രതിസന്ധികളുണ്ട്. ട്രാക്കിന്‍റെ ശേഷി വർദ്ധിപ്പിക്കുകയും, ചില സ്ഥലങ്ങളിലെ വളവുകൾ നേരെയാക്കുകയും വേണം. കേരളത്തിൽ തിരുവനന്തപുരം മുതൽ ഷൊർണൂർ വരെയുള്ള പാതയിലാണ് വളവുകൾ കൂടുതലുള്ളത്. അതുകൊണ്ടുതന്നെ ഈ പാതയിൽ ശരാശരി 80 കിലോമീറ്ററാണ് ട്രെയിനുകളുടെ പരമാവധി വേഗം. എന്നാൽ ഷൊർണൂർ മുതൽ മംഗലാപുരം വരെയുള്ള പാതയിൽ 110 കിലോമീറ്റർ വരെ വേഗതയിൽ ട്രെയിൻ ഓടിക്കാനാകും.
ഇപ്പോൾ കേരളത്തിൽ ഓടുന്ന ട്രെയിനുകളുടെ ശരാശരി വേഗത 45 കിലോമീറ്ററാണ്. രാജധാനി, ജനശതാബ്ദി എക്സ്പ്രസുകളാണ് കേരളത്തിൽ ഏറ്റവും വേഗതയിൽ ഓടുന്ന ട്രെയിനുകൾ. ട്രാക്കുകൾ നവീകരിച്ചും വളവുകൾ നേരെയാക്കിയും കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് ഓടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ ട്രെയിൻ യാത്രികർ.