2022 കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചു . 11 മണിക്ക് അവതരിപ്പിച്ച് തുടങ്ങിയ ബജറ്റ് 12.35ന് അവസാനിപ്പിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലിടം നേടി. പിഎം ഗതിശക്തി പദ്ധതിയിലൂടെ വിപുലമായ അടിസ്ഥാന സൗകര്യ വികസനവും ബജറ്റ് ലക്ഷ്യം വയ്ക്കുന്നു.പ്രധാന്‍മന്ത്രി ഗതിശക്തി മിഷന്‍, എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വികസനം, ഉത്പാദന ക്ഷമത കൂട്ടല്‍, സാമ്പത്തിക നിക്ഷേപം എന്നീ നാല് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചത്.
ആവാസ് യോജനയക്ക് കീഴില്‍ പുതിയ ഭവന പദ്ധതികള്‍ക്കായി 48000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ഡിജിറ്റല്‍ സമ്പദ്ഘടനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിജിറ്റല്‍ കറന്‍സി ഉടനേ പ്രാബല്യത്തില്‍ വരും. ഡിജിറ്റൽ കറൻസി പ്രഖ്യാപനത്തിന് പിന്നാലെ ഇത്തരം ആസ്തികള്‍ക്ക് നികുതിയും ഏർപ്പെടുത്തി . ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കാൻ കമ്പ്യൂട്ടർ ശൃംഖലയെ ആശ്രയിക്കുന്ന ബ്ലോക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡിജിറ്റൽ റുപീ കറന്‍സി ഈ വര്‍ഷം തന്നെ നിലവില്‍ വരും.
അതെ സമയം ക്രിപ്‌റ്റോ ആസ്തികൾക്ക് 30 ശതമാനം നികുതിയും കേന്ദ്രസർക്കാർ കൊണ്ടുവന്നു. ഡിജിറ്റൽ കറൻസിക്ക് തത്വത്തിൽ നിയമസാധുത നൽകുന്ന നടപടി കൂടിയാണ് കേന്ദ്രസർക്കാറിന്റേത്. ഒരു ശതമാനം ടിഡിഎസുമുണ്ട്.
രാജ്യാന്തര യാത്രകള്‍ സുഗമമാക്കാനായി ഇ പാസ്‌പോര്‍ട്ട് കൊണ്ട് വരുന്നു . ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ട് പദ്ധതി വേഗത്തിലാക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബഡ്ജറ്റിൽ പറഞ്ഞു
നഗരവികസനത്തിനായി സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കും. ഗ്രാമീണ മേഖലകളിൽ വികസനം കൈവരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം മെന്ന് നിർമല സീതാരാമൻ പറഞ്ഞു .
അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നഗരവികസന കോഴ്‌സുകൾ പഠിപ്പിക്കും. 250 കോടി രൂപ ഈ സ്ഥാപനങ്ങൾക്ക് കൈമാറും. അർബൻ സെക്ടർ പോളിസിക്കായി ഉന്നതതല സമിതി രൂപീകരിക്കുമെന്നും ബഡ്ജറ്റിൽ.
എല്‍ഐസി സ്വകാര്യവത്കരണ പ്രഖ്യാപനത്തിലൂടെ കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിന് സര്‍ക്കാര്‍ നീക്കം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന പ്രഖ്യാപനമായിരുന്നു ധനമന്ത്രി നടത്തിയത്.
വനിതകള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങളും പദ്ധതികളും ബജറ്റ് പ്രഖ്യാപനത്തിലുണ്ടായി. മിഷന്‍ ശക്തി, മിഷന്‍ വാത്സല്യ, സാക്ഷം അംഗന്‍വാടി, പോഷന്‍ 2.0 എന്നീ സര്‍ക്കാര്‍ പദ്ധതികള്‍ നവീകരിക്കും.
പ്രതിരോധ-ശാസ്ത്രസാങ്കേതിക-ബഹിരാകാശ മേഖലയില്‍ ഇന്ത്യയുടെ അടുത്ത 25 വര്‍ഷത്തെ മുന്നേറ്റം ലോകോത്തരമായിരിക്കും. ഇതിനായി ഗവേഷണത്തിനും വികസനത്തിനുമായി വിഹിതം നീക്കിയിട്ടുണ്ട്.
പ്രകൃതിദത്ത കൃഷിയെ പ്രോത്സാഹിപ്പിച്ചും മിനിമം താങ്ങുവില ഉറപ്പാക്കിയുമാണ് കാര്‍ഷിക മേഖലയിലെ ബജറ്റ് സ്വാധീനം. നഗരവികസന പദ്ധതിക്ക് വിദഗ്ധ സമിതി രൂപീകരിക്കും.
ഇലക്ട്രിക്ക് വാഹങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളും വാഹനങ്ങളും പ്രോത്സാഹിപ്പിക്കും ബജറ്റില്‍ പ്രഖ്യാപനമുണ്ടായി.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്‍ പി എസ് നിക്ഷേപങ്ങള്‍ക്ക് നികുതി ഇളവ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ പി എസിനായുള്ള നികുതി ഇളവിന്റെ പരിധി 14 ശതമാനം വരെയായി ഉയര്‍ത്തിയെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
ആദായ നികുതി റിട്ടേണ്‍ പരിഷ്‌കരിക്കുമെന്ന സുപ്രധാന തീരുമാനവും ബജറ്റിലുണ്ടായി. പിഴവുകള്‍ തിരുത്തി റിട്ടേണ്‍ സര്‍മപ്പിക്കുന്നതിനുള്ള സമയ പരിധി രണ്ടു വര്‍ഷമായി ഉയര്‍ത്തി. അധിക നികുതി നല്‍കി റിട്ടേണ്‍ മാറ്റങ്ങളോടെ സമര്‍പ്പിക്കാം. മറച്ചു വച്ചിരിക്കുന്ന വരുമാനം വെളിപ്പെടുത്തുന്നതിനുള്ള അവസരവും ലഭ്യമാകും.
ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ പദ്ധതിയിലൂടെ ഭൂമി രജിസ്‌ട്രേഷന്‍ ഏകീകരിക്കും. ബില്ലുകള്‍ കൈമാറുന്നതിന് ഇ-ബില്‍ സംവിധാനം കൊണ്ടുവരും. ഓണ്‍ലൈനായി ബില്ലുകള്‍ക്ക് അപേക്ഷിക്കാം. 5ജി സ്‌പെക്ട്രം ലേലവും ഈ വര്‍ഷം തന്നെയുണ്ടാകും. അഞ്ച് നദീ സംയോജന പദ്ധതിക്കായി 46,605 കോടി വകയിരുത്തി.
യുവാക്കള്‍ക്കായി 60 ലക്ഷത്തില്‍പ്പരം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യവികസത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടാണ് ഇത്തവണത്തെ ബജറ്റ്. വിദ്യാഭ്യാസമേഖലയ്ക്കായി വന്‍ പദ്ധതികളാണ് നടപ്പാക്കാനിരിക്കുന്നത്.
പിഎം ഇ വിദ്യ പദ്ധതിയിലൂടെ 200 ടിവി ചാനലുകള്‍ കൂടി ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇ-വിദ്യ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്. വിദ്യാഭ്യാസം ഓണ്‍ലൈനാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.