ജീവിതത്തിൽ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നതും ജീവിതത്തിലെ നല്ല ഓർമകൾ നിലനിൽക്കുന്നതും കലാലയ ജീവിതത്തിൽ തന്നെ ആയിരിക്കും. ഒരു വ്യക്തിയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ കലാലയങ്ങള്‍ വഹിക്കുന്ന പങ്ക് അത്രയേറെ വലുതാണ്. അധ്യാപകരും സൗഹൃദങ്ങളും പ്രണയവുമെല്ലാം അതിന് വഴികാട്ടികളാണ്. അങ്ങനെയൊരു കലാലയം , കലാലയ ജീവിതത്തിലൂടെ രൂപപ്പെടുന്ന ഒരു വ്യക്തി അങ്ങനെ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ അവനൊരിക്കലും തിരിച്ചുപിടിക്കാൻ കഴിയാത്ത ജീവിതകാലഘട്ടവും  വിനീത് ശ്രീനിവാസൻ ഹൃദയത്തിലൂടെ പറയുന്നു.

അരുൺ എന്ന ചെറുപ്പക്കാരൻ അവന്റെ ജീവിതത്തിലെ കോളേജ് മുതൽ അവൻ ഒരു അച്ഛനാവുന്ന കാലഘട്ടം വരയാണ്  ചിത്രത്തിലൂടെ പറയുന്നത് . എഞ്ചിനീയറിംഗ് പഠനത്തിനായി ട്രെയിനിൽ കയറുന്നതിലൂടെ തുടങ്ങുന്ന ചിത്രത്തിൽ അവന്റെ  കലാലയ ജീവിതം , സൗഹൃദം , പ്രണയം തന്നെയാണ് അതിൽ മുന്നിൽ നിൽക്കുന്നത്. അവനെന്ന വ്യക്തിയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഇവ വഹിക്കുന്ന പങ്കും ചിത്രത്തിൽ വ്യ്കതമാക്കുന്നുണ്ട്.  

ആദിയില്‍ നിന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നിന്നും നടനെന്ന രീതിയില്‍ പ്രണവ് മോഹൻലാൽ ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു. ദര്‍ശന രാജേന്ദ്രന്റെ ദര്‍ശന എന്ന കഥാപാത്രത്തിന്  പലപ്പോഴും കാഴ്ചക്കാരുടെയുള്ളില്‍ ഒരു വിങ്ങലുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. കല്യാണി പ്രിയദർശന്റെ  നിത്യ എന്ന കഥാപാത്രത്തിന്റെ  കുസൃതിത്തരങ്ങള്‍ പ്രേക്ഷകനില്‍ പുഞ്ചിരി സൃഷ്ടിക്കുന്നുണ്ട്. വിജയരാഘവന്‍, ജോണി ആന്റണി എന്നിവരും മികച്ചതായി. 15 പാട്ടുകളില്‍ ഒരെണ്ണംപോലും ആവിശ്യമില്ലാത്തിടത്ത് ചേർത്തതായി തോന്നില്ല, ആ 15 പാട്ടുകളും ഈ ഹൃദയത്തിലേക്ക് ഈ ചിത്രം ചേർത്തുവെക്കുന്നതിൽ മികച്ച പങ്കു വഹിക്കുന്നുണ്ട് .

2 മണിക്കൂർ 52 മിനിറ്റ്  വരുന്ന ഈ ചിത്രം ഒരിക്കല്‍പ്പോലും ബോറടിപ്പിച്ചിട്ടില്ല എന്നത് സംവിധായകന്റെ കഴിവാണ് . കഥാപാത്രങ്ങള്‍ ഒരാള്‍ പോലും നമുക്ക് അപരിചിതരല്ല എന്നതാണ് അതിന് കാരണം. നമ്മെ തന്നെ അല്ലെ  സ്‌ക്രീനില്‍ കാണുന്നത് എന്ന തോന്നല്‍ ഉണ്ടാക്കും എന്നുറപ്പ് . കാരണം ഇങ്ങനെയൊക്കയുള്ള അനുഭവങ്ങള്‍ ഉണ്ടാവാത്തവര്‍ കുറവായിരിക്കും എന്നതുതന്നെ. സിനിമ കണ്ടിറങ്ങുമ്പോള്‍ എന്തോ എവിടെയോ നഷ്ടമായതുപോലെ തോന്നിയേക്കാം. ആ നിമിഷമാണ് യഥാര്‍ത്ഥത്തില്‍ ഈ സിനിമയുടെ വിജയവും.  പടം കണ്ടിറങ്ങുമ്പോൾ ജീവിതത്തിലേക്കു ഒന്ന് തിരിഞ്ഞു നോക്കാൻ നമുക്ക് തോന്നും .അകലങ്ങളിലെവിടെയോ ഉള്ള നഷ്ടമായി എന്ന് കരുതുന്ന സുഹൃത്തുക്കളാണ്, ബന്ധങ്ങളാണ് കൊളുത്തിവലിക്കുന്നതായി ഉള്ളിലനുഭവപ്പെടുന്നത്. ഹൃദയത്തിന്റെ ഭാഷയില്‍ വിനീത് ഒരുക്കിയ 'ഹൃദയ'ത്തെ ഹൃദയം കൊണ്ടുകാണാം.