ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ചുരുളി .ലിജോ പെല്ലിശ്ശേരീസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേര്‍ന്നാണ് ചുരുളി നിര്‍മ്മിച്ചത്. തിരക്കഥ ഒരുക്കിയത് എസ്.ഹരീഷാണ്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിലെ തെറിവിളിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചേരിതിരിഞ്ഞ് തര്‍ക്കങ്ങള്‍ രൂപപ്പെട്ടു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മുൻ ചിത്രങ്ങളായ ‘ജെല്ലിക്കെട്ട്,’ ‘ഈ മ യൗ,’ ‘അങ്കമാലി ഡയറീസ്,’ ‘ഡബിൾ ബാരൽ’ മുതലായ ചിത്രങ്ങൾ സമ്മാനിച്ച പരീക്ഷണാത്മകവും കൗതുകകരവുമായ കാഴ്ച അനുഭവങ്ങളും, ആഖ്യാനശൈലിയും, തികച്ചും വൈൽഡ് എന്ന് പറയാവുന്ന കഥയും കഥാപാത്രങ്ങളും , ശബ്ദ സാങ്കേതികതയുടെ ഉപയോഗവുമെല്ലാം ‘ചുരുളി’യിലെത്തുമ്പോൾ, സംവിധായകന്‍റെ തന്നെ ഭാവന പരിധിയെ വെല്ലുവിളിക്കുന്ന തരത്തിലെത്തുന്നുണ്ട് . സ്വന്തം ശൈലികൾ തന്നെ പൊളിച്ചെഴുതാൻ മടിയില്ലാത്ത, അഭിനിവേശത്തോടെ പരീക്ഷണങ്ങൾക്കു മുതിരാൻ മടിയില്ലാത്ത സംവിധായകനാണ് താനെന്നു തെളിയിച്ച സംവിധായകനാണ് ലിജോ. എന്നിരുന്നാലും അദ്ദേഹത്തിന്റെ മുൻ ചിത്രമായ ‘ജെല്ലിക്കെട്ടു’മായി പല സാമ്യതകളും ‘ചുരുളി’യിൽ കാണാൻ സാധിക്കും. ‘ജെല്ലിക്കെട്ട്’ മലയാളികൾക്ക് അത് വരെ കണ്ടിട്ടില്ലാത്ത തരം ഒരു ഒരു ദൃശ്യാനുഭവം നല്‍കി. ‘ചുരുളി’യിലും ദൃശ്യ ശബ്ദ പരീക്ഷണങ്ങളിലൂടെ വിചിത്രവും ഭാവനസാധ്യതയുള്ളതുമായ ഒരു കാഴ്ച മണ്ഡലം പ്രേക്ഷകരിലേക്ക് തുറന്നിടുന്നുണ്ട് ലിജോ.

മാടനെ പിടിക്കാൻ കാട്ടിൽ പോകുന്ന നമ്പൂതിരിയുടെ കഥ ഒരു കാർട്ടൂണിലൂടെ പറഞ്ഞു കൊണ്ടാണ് ‘ചുരുളി’ തുടങ്ങുന്നത്. മാടനെ പിടിക്കാൻ പോകുന്ന നമ്പൂതിരി വഴിയിൽ പന്ത് പോലെ കിടക്കുന്ന ഈനാംപേച്ചിയെ എടുത്ത് കുട്ടയിലിടുന്നു, പിന്നെ ഈനാംപേച്ചി പറയുന്ന വഴിയിലൂടെയെല്ലാം നമ്പൂതിരി കാട്ടിലൂടെ അന്തമില്ലാതെ അലഞ്ഞു നടന്നു, തലയിൽ മാടനാണെന്നു അറിയാതെ… ഈ യക്ഷിക്കഥയാണ് ‘ചുരുളി’യുടെ സത്ത്

പേരിൽ കൂടുതൽ ഒരു വിവരവും ലഭ്യമല്ലാത്ത ഒരു പിടികിട്ടാപുള്ളിയെ പിടിക്കാൻ പോലീസുകാരായ ആന്റണി, ഷാജീവൻ എന്നിവർ വേഷം മാറി ‘ചുരുളി’ എന്ന കൊടുംകാട്ടിനുള്ളിലേക്ക് വരുന്നത് മുതൽ നിഗൂഢമായ യാത്ര തുടങ്ങുകയായി. കുടുംബത്തിന്‍റെ ബാധ്യതകളൊന്നുമില്ലാതെ അരാജകത്വ മനോഭാവമുള്ള പോലീസുകാരനായാണ് ചേംമ്പൻ വിനോദ് അവതരിപ്പിക്കുന്ന ആന്റണി എന്ന കഥാപാത്രം വരുന്നതെങ്കിൽ, നിഷ്കളങ്കനായ നിയമഭയമുള്ളവനുമായാണ് ഷാജീവൻ എന്ന വിനയ് ഫോർട്ട് ചെയുന്ന കഥാപാത്രത്തിന്‍റെ ഭാവം.

‘ചുരുളി’യെന്ന കാടിന്റെ ഉള്ളിലുള്ള ഒറ്റപ്പെട്ട ഗ്രാമത്തിലേക്ക്, ‘നരകത്തിലോട്ട് ഷട്ടിലടിക്കുന്ന ശകടം’ എന്ന് ആന്റണി പറയുന്ന, പഴകി തുരുമ്പിച്ച ഒരു ജീപ്പിൽ അവർ യാത്രയാകുന്നു. തുടക്കത്തിൽ വളരെ നിഷ്കളങ്കവും സൗഹൃദപരവുമായി പെരുമാറിയ ജീപ്പ് ഡ്രൈവറുടെയും മറ്റു യാത്രക്കാരുടെയും സ്വഭാവം, ചുരം കേറി ദുഷ്കരമായ ഒരു തടിപ്പാലം കടക്കുന്നതോടു കൂടി മാറുന്നു. തുടർന്ന് സിനിമയിൽ അതിഹിംസാത്മകമായ ഭാവത്തിലുള്ള തെറിയുടെ ഭാഷയാണ് ഉപയോഗിക്കുന്നത്. തന്റെ മുന്‍ ചിത്രങ്ങളിൽ ദൃശ്യങ്ങളിലൂടെയാണ് ഹിംസാത്മകവും അക്രമാസക്തവുമായ ലോകം സൃഷ്ടിച്ചതെങ്കിൽ, കേട്ടാൽ അറയ്ക്കുന്ന തെറിയിലൂടെയാണ് പെല്ലിശ്ശേരി ‘ചുരുള’യിലെ മനുഷ്യ ഹിംസാത്മകതയെ ആവിഷ്കരിച്ചിരിക്കുന്നത്.

മനുഷ്യ നിർമിതമായ സംസ്കാരവും മൂല്യവും അന്യമായ, പ്രാകൃതമായ, നരകമെന്നു തോന്നിപ്പിക്കും വിധമുള്ള ജീവിത ശൈലിയും സംസാരവും എല്ലാം ‘ചുരുളി’യിലെ ഒന്നിനെയും ഭയക്കാനില്ലാത്ത, തികച്ചും വന്യമായ, അരാജകമായ ഒരു അവസ്ഥയെ കാണിക്കുന്നുണ്ട് . തുടർന്ന് ‘ചുരുളി’യിൽ ആകെയുള്ള ചാരായ ഷാപ്പിൽ കള്ളുകുടിച്ചും പുലഭ്യം പറഞ്ഞും തല്ലുകൂടിയും ആന്റണിയുടെയും ഷാജീവന്റെയും അന്വേഷണം പുരോഗമിക്കുമ്പോൾ, നിഗൂഢതകൾക്ക് ആഴം കൂടുക മാത്രമാണ് ചെയുന്നത് . ‘ചുരുളി’യിലെ മനുഷ്യരെ പോലെ തന്നെ ആത്മീയമായ ശൂന്യതയിൽ നിന്ന് ഉത്ഭവിക്കുന്ന ഏറ്റവും ക്രൂരമായ വിനോദങ്ങൾ തന്നെയാണ് ആന്റണിയും ഷാജീവനും ആഗ്രഹിക്കുന്നത് എന്ന് പല വിചിത്രമായ സംഭവങ്ങളിലൂടെ ചിത്രം കാണിക്കന്നുണ്ട് . തുടർന്ന് പല മായകാഴ്ചകളും, അനിർവ്വചനീയ മുഹൂർത്തങ്ങളും, സ്വപ്നതുല്യമായ ദൃശ്യഭാവനയും കൊണ്ട് ചിത്രം പ്രേക്ഷകരെ ഉത്തരങ്ങളിലാത്ത ഒരു ചുഴിയിലേക്കു കറക്കി വിടുന്നു.

പ്രേക്ഷകന്‍റെ കാഴ്ചശീലങ്ങളെ വെല്ലുവിളിക്കുന്ന പല തരത്തിലുള്ള പരീക്ഷണങ്ങൾ ലിജോ ഈ ചിത്രത്തിലും ആവർത്തിച്ചിട്ടുണ്ട്. നിമിഷനേരം കൊണ്ട് മാറി മറിയുന്ന ‘സൂപ്പർ ഇമ്പോസ്ഡ്’ ദൃശ്യങ്ങളും, അതിൽ തന്നെ ‘സൈക്കഡലിക് എഫക്ടു’ള്ള ഡിജിറ്റൽ ആർട്ടുമൊക്കെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ ആരി ആസ്റ്റർ സംവിധാനം ചെയ്ത, നിരൂപക പ്രശംസ നേടിയ ഹൊറർ ചിത്രം ‘മിഡ്‌സോമാർ’-നെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. തികച്ചും അപരിചിതവും വിചിത്രവും ക്രൂരവുമായ ആചാരങ്ങള്‍ നിലനിൽക്കുന്ന ഒറ്റപ്പെട്ട സാങ്കല്പിക ഗ്രാമത്തിൽ എത്തിപ്പെടുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ‘മിഡ്‌സോമാർ’ പറയുന്നത്. ക്രൂരവും പ്രാകൃതവുമായ ആചാരങ്ങൾ അനുഷ്ഠിക്കുന്ന ആ ഗ്രാമത്തിലെ റാണി തന്നെയായി അവസാനം ആ പെൺകുട്ടി മാറുന്നു. ആന്റണിയും ഷാജീവനും ‘ചുരുളി’യിലെ പ്രാകൃത മനുഷ്യരായി മാറുന്നത് പോലെ.

കഥയ്ക്കോ ആശയങ്ങൾക്കോ വേണ്ടിയുള്ള കഥാപാത്രങ്ങളാണ് ലിജോ ചിത്രങ്ങളുടെ പ്രത്യേകത. കഥാപാത്രത്തിൽ നിന്നുണ്ടാവുന്ന കഥയല്ല, കഥയിൽ ഉണ്ടാവുന്ന കഥാപാത്രങ്ങളാണ് ‘ജെല്ലിക്കെട്ട്,’ ‘ചുരുളി’ പോലെയുള്ള പെല്ലിശ്ശേരി ചിത്രങ്ങളിൽ കാണാനാവുക. ചെമ്പൻ വിനോദും വിനയ് ഫോർട്ടും ചെയ്ത മുഖ്യ കഥാപാത്രങ്ങൾ ലോങ്ങ് ഷോട്ടുകളിൽ പോലും അവരുടെ ശരീരഭാഷയും, ഭാവങ്ങളും സന്ദര്‍ഭത്തിനനുസരിച്ച് സൂക്ഷ്മമായി കൈകാര്യം ചെയുന്നുണ്ട്. ജാഫർ ഇടുക്കി ചെയ്ത ചാരായ കടക്കാരന്റെ വേഷവും എടുത്തു പറയേണ്ടതാണ്. ജോജു ജോർജ്, ലുക്മാൻ, സൗബിൻ ഷാഹിർ എന്നിവരും ചെറുതെങ്കിലും ഓർത്തിരിക്കാവുന്ന കഥാപാത്രങ്ങളായി ചിത്രത്തിൽ വരുന്നുണ്ട്.

‘ചുരുളി’യിലെ മറ്റു കഥാപാത്രങ്ങളെലാം തന്നെ ജെല്ലിക്കെട്ടിനു സമാനമായി ആൾ കൂട്ടത്തിലെ മുഖങ്ങളാണ്. രംഗനാഥ് രവിയുടെ ശബ്ദാലങ്കാരവും, മധു നീലകണ്ഠന്റെ ഛായാഗ്രഹണ മികവും പെല്ലിശ്ശേരിയുടെ ഭാവന ലോകത്തിന് മാന്ത്രികത കൈവരിക്കാൻ മുതല്കൂട്ടാവുന്നുണ്ട്. വിനോയ് തോമസിന്റെ കഥയ്ക്ക് എസ് ഹരീഷാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.


പൊതുധാർമികതയ്ക്ക് നിരക്കാത്ത സിനിമയാണ് ചുരുളിയെന്നും ചിത്രം ഒടിടിയിൽ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശൂർ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗിഫെൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ സിനിമക്ക് പോലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. സിനിമയിലെ ഭാഷാ പ്രയോഗം കഥാസന്ദർഭത്തിന് യോജിച്ചതാണെന്നും നടപടി എടുക്കാനാകില്ലെന്നും പ്രത്യേക അന്വേഷണസംഘം ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു.ചുരുളി സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഡി.ജി.പിയെ കക്ഷി ചേർക്കുകയായിരുന്നു. സിനിമ കണ്ട് ചിത്രത്തിൽ നിയമപരമായ പ്രശ്നങ്ങൾ ഉണ്ടോയെന്ന് റിപ്പോർട്ട് നൽകാൻ ഡി.ജി.പിയോട് ഹൈക്കോടതി നിർദേശിച്ചു. ചുരുളി സിനിമയുടെ പ്രദർശനം തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി.

ചുരുളി സിനിമക്കെതിരെയുള്ള ഹർജി പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന വിമർശനവുമായി ഹൈക്കോടതി. സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ചിത്രത്തിലെ ഭാഷാ പ്രയോഗങ്ങളിൽ പ്രശ്നമില്ലെന്ന റിപ്പോർട്ട് ഡി.ജി.പി കോടതിക്ക് കൈമാറിയിട്ടുണ്ട്. ചിത്രം കാണാത്തവരാണ് വിമർശനം ഉന്നയിക്കുന്നവരിൽ കൂടുതൽ എന്നും കോടതി നിരീക്ഷിച്ചു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മറ്റിടങ്ങളിലും കാര്യം അറിയാതെയുള്ള ഇത്തരം വിമർശനങ്ങൾ കൂടി വരുന്നുവെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി. ജഡ്ജിമാര്‍ വിധിയെഴുതി മഷി ഉണങ്ങും മുന്‍പ് അഭിപ്രായം പറഞ്ഞില്ലെങ്കില്‍ ഉറക്കം വരാത്ത ഒരു വിഭാഗമുണ്ട്. ഇത്തരത്തിലുള്ള ഇടപെടലുകളും പ്രവൃത്തികളും നിലവിലുള്ള സംവിധാനത്തെ തന്നെ തകര്‍ക്കുമെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു.