സാധാരണ ജലദോഷത്തിലൂടെ ശരീരം കൈവരിക്കുന്ന പ്രതിരോധം കൊറോണ വൈറസിനെ തടയുമെന്ന് പഠനം. ജലദോഷത്തിലൂടെ ഉയര്‍ന്ന തോതില്‍ ടി സെല്ലുകള്‍ ആര്‍ജിക്കുന്നവര്‍ക്ക് കോവിഡ് വരാന്‍ സാധ്യത കുറവാണെന്നാണ് നേച്വർ കമ്യൂണിക്കേഷനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. 

ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ ഗവേഷകരാണ് പഠനം നടത്തിയത്. ടി സെല്ലുകള്‍ കോവിഡില്‍നിന്ന് സംരക്ഷിത കവചമായി പ്രവര്‍ത്തിക്കുന്നതിനു തെളിവു നല്‍കുന്ന ആദ്യ പഠനമാണ് ഇത്. ജലദോഷം ഉള്‍പ്പെടെയുള്ള കൊറോണ വൈറസ് ബാധയിലൂടെ ആര്‍ജിക്കുന്ന ടി സെല്ലുകള്‍ കോവിഡിനു കാരണമാവുന്ന സാര്‍സ് കൊറോണ വൈറസിനെ തിരിച്ചറിയുമെന്ന് നേരത്തെ തന്നെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതു പ്രതിരോധമായി മാറുമെന്നാണ് പുതിയ കണ്ടെത്തല്‍.


 ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള പുതിയ വകഭേദങ്ങളെ തടയാനാവുന്ന, കോവിഡിനെതിരെ പ്രയോഗിക്കാവുന്ന വാക്സിന്‍ നിര്‍മിക്കുന്നതിലേക്കു സൂചന നല്‍കുന്നതാണ് പുതിയ പഠനമെന്ന് ഗവേഷകര്‍ പറയുന്നു. കോവിഡിന്റെ വരാനിരിക്കുന്ന വകഭേദങ്ങളെയും തടയാന്‍ ഇത്തരത്തിലൊരു വാകസിനു കഴിയുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

വൈറസിലെ പ്രോട്ടീന്‍ സെല്ലിനെയാണ് ടി സെല്‍ ഇല്ലായ്മ ചെയ്യുന്നത്. വാക്സിനുകളിലൂടെ സൃഷ്ടിക്കപ്പെടുന്ന ആന്റിബോഡി വൈറസിലെ സ്പൈക്ക് പ്രോട്ടിന് എതിരെയാണ് പ്രവര്‍ത്തിക്കുക. ഇതിനെ നേരിടാനുള്ള ശേഷി വൈറസ് കൈവരിക്കുന്നത് സാധാരണമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.